എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് ; ജൂലൈ ഒന്ന് മുതൽ തുടക്കമാകും.

കണ്ണൂർ : മുപ്പത്തി മൂന്നാമത് എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് ജൂലൈ ഒന്ന് മുതൽ അഞ്ച് വരെ കമ്പിൽ കൊളച്ചേരി മുക്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ജില്ലയിലെ പതിമൂന്ന് ഡിവിഷനുകളിൽ നിന്നും വിജയിച്ച രണ്ടായിരത്തോളം പ്രതിഭകൾ പതിമൂന്ന് വേദികളിലായി നൂറ്റി എഴുപതിലധികം മത്സര ഇനങ്ങളിൽ മാറ്റുരക്കും.ജൂലൈ നാല്, അഞ്ച് തിയ്യതികളിലായി ജില്ലയിലെ കലാ പ്രതിഭകളുടെ സ്റ്റേജ്, നോൺ സ്റ്റേജ് തല മത്സരങ്ങൾ അരങ്ങേറും. ചരിത്ര സത്യങ്ങൾ ബോധപൂർവ്വം മറച്ചു പിടിക്കുന്ന ഭരണ കൂട നിലപാടുകളും, യഥാർത്ഥ ചരിത്രം ഭാവി തലമുറക്ക് വേണ്ടി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും, ആരാലും ശ്രദ്ധിക്കപ്പെടാതെ ചരിത്രത്താൽ വിസ്മരിക്കപ്പെടുന്ന അതിജീവിതരുടെ വർത്തമാനങ്ങളും സാഹിത്യോത്സവ് ചർച്ച ചെയ്യും.വാർത്താസമ്മേളനത്തിൽ എസ് എസ് എഫ് കണ്ണൂർ ജനറൽ സെക്രട്ടറി മുഹമ്മദ് സാലിം, സ്വാഗത സംഘം ചെയർമാൻ ബഷീർ അർഷദി വേശാല, സെക്രട്ടറിമാരായ ഫായിസ് അബ്ദുള്ള, ഡോ അബ്ദുള്ള, സ്വാഗത സംഘം മെമ്പർ അഷ്റഫ് ചേലേരി തുടങ്ങിയവർ സംബന്തിച്ചു.